കൊളസ്ട്രോൾ എന്നു കേൾക്കുമ്പോൾ തന്നെ എന്തോ അപകടകരമായ കാര്യം എന്നാണ് പലരും കരുതുന്നത്.എന്നാൽ കൊളസ്‌ട്രോൾ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു കാര്യമാണ്.ഇതിന്റെ അളവ് ഒരു പരിധിയിൽ കൂടുമ്പോൾ മാത്രമാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്.
എന്താണ് കൊളസ്‌ട്രോൾ എന്ന് നോക്കാം.ശരീര കോശങ്ങളിലും ,രക്തത്തിലും കണ്ടുവരുന്ന ഒരു കൊഴുപ്പാണ് ഇത്.ഇതിനു പല ശരീര ധർമ്മകളും നിർവഹിക്കാനുണ്ട് .കോശസ്തരങ്ങളുടെ ഒരു പ്രധാന ഘടകമാണിത്.സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ ,പ്രൊജസ്റ്റീറോൺ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ,മറ്റൊരു ഹോർമോൺ ആയ കോർട്ടിസോൺ തുടങ്ങിയവയുടെ ഉല്പാദനത്തിന് കൊളസ്‌ട്രോൾ വേണം നമ്മുടെ എല്ലിനും പല്ലിനും ബലം നൽകുന്ന വിറ്റാമിൻ.ഡി ,പിത്തരസം എന്നിവയുടെ ഉത്പാദനത്തിനും കൊളസ്‌ട്രോൾ കൂടിയേ തീരൂ .
കൊളസ്‌ട്രോൾ കരളിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.അതിന്റെ ഒരു ഭാഗം കരളിൽ തന്നെ സൂക്ഷിച്ചു വെക്കുന്നു ബാക്കി ഭാഗം രക്തത്തിൽ കലരുന്നു.രക്തം വിവിധ കോശങ്ങളിൽ അതിന്റെ ആവശ്യങ്ങൾക്കനുസരിച്ചു കൊളസ്‌ട്രോൾ എത്തിച്ചുകൊടുക്കുന്നു.ശരീരത്തിൽ അധികമുണ്ടാകുന്ന കൊളസ്ട്രോളിനെ കരൾ പിത്തരസവുമായി ചേർത്ത് കുടലിൽ എത്തിക്കുന്നു.പിത്തരസം ഭക്ഷണത്തിലെ കൊഴുപ്പു ദഹിപ്പിക്കുന്നതിനു പുറമെ ,കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ ,ഡി ഇ കെ എന്നിവയുടെ ആഗിരണത്തിനും ആവശ്യമാണ് .
നമ്മുടെ മാറിയ ജീവിതസാഹചര്യങ്ങളും,ഭക്ഷണരീതികളുമാണ് കൊളസ്‌ട്രോൾ നില കൂട്ടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ,അതിലെ കൊഴുപ്പിന്റെ തോത്,ഭക്ഷണ സമയം ,വ്യായാമം എന്നിവയൊക്കെ കരളിലെ കൊളസ്റ്റ്റോൾ ഉത്പാദനത്തെ ബാധിക്കുന്ന ഘടങ്ങളാണ്.കൊഴുപ്പു അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ,കൊഴുപ്പമ്ലങ്ങൾ രക്തത്തിലൂടെ കരളിലെത്തുകയും ,കൊളസ്‌ട്രോൾ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു.
ശാരീരികാധ്വാനമുള്ള ജോലികളോ,വ്യായാമമോ ചെയ്യുന്നവരിൽ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പു ഊർജാ വശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ കരളിലെ കൊളസ്‌ട്രോൾ ഉത്പാദനം അധികമാവില്ല.ശാരീരിരിക പ്രവർത്തനങ്ങൾക്കു ആവശ്യമായ കൊളസ്ററോളിനെക്കാൾ കൂടുതൽ കരളിൽ ഉല്പാദിപ്പിക്കുമ്പോളാണ് ,രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് .
അത് ക്രമാതീതമായി കൂടിയാൽ ധമനികളുടെ അന്തരപാളികളിൽ അടിഞ്ഞുകൂടുകയും,അത് പിന്നീട്ബ്ലോക്കുകൾക്കും,ഹൃദയാഘാതത്തിനും ഒക്കെ വഴിവെക്കുകയും ചെയ്യുന്നു.മിക്കവരിലും കരളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടി "ഫാറ്റി ലിവർ"എന്ന അവസ്ഥ ഉണ്ടാകുന്നു .
No comments:
Post a Comment